‘പിതാവേ,കഴിയും എങ്കിൽ ഈ പാനപാത്രം എങ്കല്‍നിന്ന് നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല,നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു’. ഈ പ്രത്യേക സന്ദര്‍ഭങ്ങളിൽ എന്താണ് യേശുക്രിസ്തു പ്രാര്‍ത്ഥിച്ചതു?
(പു.നി.മത്തായി 26:39.പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു. ,
പു.നി.മര്‍ക്കൊസ് 14:35,36. 35.പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:
36.അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ
എന്നു പറഞ്ഞു. )
നീതിമാനായ യേശുവിനെ പിതാവ് മരണത്തിനു ഏല്‍പ്പിക്കുക എന്നുള്ള പുത്രന്റെ (യേശു) ആവശ്യം അറിയിക്കുന്നതിനാണ് യേശുക്രിസ്തു ഇവ്വിധത്തില്‍ പ്രാര്‍ത്ഥിക്കുവാൻ ഇടയായത്.
മനുഷ്യജഡത്തിൽ ദൈവകല്പ്പനകൾ അനുസരിക്കുവാൻ തടയുന്ന ബലഹീനതയായ പാപം നീക്കുന്ന മരണശുശ്രൂഷക്ക് യേശു വിധേയപ്പെടുന്നതിനു മുമ്പായി തന്നെയും പിതാവ് മരണത്തിനു ഏല്‍പ്പിച്ചു കൊടുക്കുക എന്നുള്ള യാചന ഗത്സമെനയിൽ വെച്ച് യേശു പിതാവിനോട് അപേക്ഷിച്ചതായി കാണാൻ കഴിയും. തന്റെ ജീവിതംകൊണ്ടു ഉണ്ടായതുപോലെ മരണത്തിലൂടെയുള്ള മഹത്വവും തന്റെ അനുസരണത്താൽ പിതാവിന് ലഭിക്കട്ടെ എന്ന് യേശു ആഗ്രഹിച്ചു.
അവിടുന്ന് നടത്തിയ യാചന മരണത്തെ ഒഴിഞ്ഞുപോകുന്നതിനുള്ള ഒന്നായിരുന്നില്ല. (അങ്ങനെ പഠിപ്പിക്കുന്നവർ ഇവിടെ ഉണ്ടല്ലോ.) കാരണം പാപപരിഹാരം അവിടുത്തെ മരണത്തിലൂടെ മാത്രമാണെന്നും മനുഷ്യൻ പങ്കാളിയാകേണ്ടതായ (വിശ്വാസം) ആവശ്യമുണ്ടെന്നും അവിടുന്ന് അത്ഭുത ശുശ്രൂഷകളിലൂടെയും വാക്കുകളിലൂടെയും മനുഷ്യർക്ക് മറപൊരുളായി കാണിച്ചും പറഞ്ഞും കൊടുത്തിരുന്നു.
‘ഞാൻ അങ്ങനെയുള്ളവൻ എന്ന് നിങ്ങൾ വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും’ എന്ന് യേശു മനുഷ്യരോട് അരുളിച്ചെയ്യുകയുമുണ്ടായി.
(പു.നി.യോഹന്നാൻ 8:24.ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നു പറഞ്ഞു. )
തന്നെ പിടിക്കുവാൻ വന്നവർക്ക് പിടിക്കുവാൻ കഴിയാതെ വന്നപ്പോൾ തന്നെത്താൻ ഏൽപ്പിച്ചുകൊടുക്കുക എന്നുള്ള പാനപാത്രം യേശു കുടിക്കുകയും അവർ പിടിക്കുകയും ചെയ്യുകയുണ്ടായി. അവിടുന്ന് കുരിശിൽ മരിക്കുക എന്നുള്ളതായ സ്നാനം സ്വീകരിച്ചതിലൂടെ അവിടുന്ന് അരുളിയ വചനം നിറവേറുകയും ചെയ്യുകയുണ്ടായി.
(പു.നി.മര്‍ക്കൊസ് 10: 38,39. 38. യേശു അവരോടു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്നപാന പാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവർ പറഞ്ഞു.
39. യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം. .
പു.നി.യോഹന്നാൻ 18:11. യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ
(ഏല്‍പ്പിച്ചു കൊടുക്കേണ്ടായോ) എന്നു പറഞ്ഞു.
പു.നി.ഗലാത്യർ 1:3. പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി)
അതുപോലെ ഓരോ പാപിയും തന്നെത്താൻ ഏൽപ്പിച്ചു കുരിശിൽ മരിച്ചതായി വിശ്വസിക്കുമ്പോൾ മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിന്റെ മുഴു മഹത്വവും കൈക്കൊള്ളുന്നവനാണ് യേശു എന്ന ദൈവപുത്രൻ. അതെ, പിതാവിന്റെ ഇഷ്ടം യേശുക്രിസ്തു ചെയ്തപ്പോള്‍ ആദിയില്‍ പിതാവിന്റെ അടുക്കൽ യേശുക്രിസ്തുവിനു ഉണ്ടായിരുന്ന മഹത്ത്വത്തിലും അധികമായ വലിയോരു മഹത്വത്തിലേക്ക് യേശു പ്രവേശിച്ചു.
പ്രവൃത്തികൾ – അദ്ധ്യായം 2:36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
അതേ,താന്‍ ഒരു പാപിയാണെന്ന് ബോധ്യമുള്ള ഏതൊരുവനും മറ്റാരുടെയും നിര്‍ബ്ബന്ധത്തിനു വഴങ്ങിയല്ലാതെ തന്നെത്താൻ വിശ്വാസം സ്വീകരിക്കാം.തന്റേതായ മതസങ്കല്പം ത്യജിച്ചു ക്രൂശിലെ മരണത്തിലുള്ള വിശ്വാസത്താല്‍, ആ ക്രൂശും ചുമന്നു നാള് തോറും ജീവിക്കാം.
വിശ്വാസത്തില്‍ ജീവിക്കുവാന്‍ യേശു വിളിക്കുന്നു. അവിടുത്തെ വിളിക്ക് ചെവി കൊടുക്കുമോ?