യേശുക്രിസ്തു വാസ്തവത്തില്‍ ആരാണ്?

ഒരു ഭക്തന്‍ പറഞ്ഞതുപോലെ തിരക്കുള്ള മനുഷ്യനായി തിരക്കുള്ളവര്‍ക്കുവേണ്ടി ഭൂമിയില്‍ ജീവിച്ചു കടന്നുപോകുകയും കഴിഞ്ഞുപോയ അനേക നൂറ്റാണ്ടുകളെ ക്രിസ്തുവിനു മുമ്പ് എന്ന് പറയുവാന്‍ തക്കവണ്ണം ചരിത്രത്തെത്തന്നെ രണ്ടായി വിഭജിച്ച ഒരു സവിശേഷ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു യേശുക്രിസ്തു എന്ന മനുഷ്യന്‍. അവിടുന്ന് ജീവിച്ചിരുന്ന കാലഘട്ടം ചരിത്രത്താളുകളില്‍ ഉണ്ടോ എന്ന് ചരിത്രാന്വേഷികള്‍ക്ക് അന്വേഷിക്കാവുന്നതാണ്. അവിടുന്ന് അക്കാലത്ത് ജീവിച്ചിരുന്നില്ല എന്നാണു ഉത്തരമെങ്കിലും അവിടുന്ന് ഇന്നും ജീവിക്കുന്നു എന്ന് ഇന്നുള്ള അനേകര്‍ വിശ്വസിക്കുന്നതിലൂടെ അവരിലൂടെ അത് തെളിയിക്കപ്പെടുന്നുണ്ട്. അതേ, ശാസ്ത്രത്തെളിവുകള്‍ക്കൊപ്പം മനുഷ്യരുടെ സാക്ഷ്യത്തിനും വിലയുണ്ട്‌.

ക്രിസ്തുവിനും ഏകദേശം 1500-വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതുവാനാരംഭിച്ചു ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ രചന അവസാനിപ്പിച്ച യഹൂദമതഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടുകാണുന്ന ഒരു വ്യക്തിയാണ് യേശുക്രിസ്തു. മനുഷ്യന്‍റെ ജീവിതപദ്ധതിയുടെ പൂര്‍ത്തീകരണം വരുത്തുന്നവന്‍ എന്നുള്ള നിലയിലാണ് ആ പുസ്തകം യേശുക്രിസ്തുവിനെ വിളംബരം ചെയ്യുന്നത്. ആ പുസ്തകത്തില്‍ അവിടുന്ന്തന്നെ ഇങ്ങനെയാണ് അരുളിച്ചെയ്യുന്നതു.                                           

ലൂക്കോസ് – അദ്ധ്യായം 24. 44. പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു 
45. തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. 

തിരുവെഴുത്തു നിവൃത്തിയാക്കുന്നതോടൊപ്പം തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു മനുഷ്യരുടെ ബുദ്ധിയെ തുറക്കുന്ന ഒരു മര്‍മ്മം കൂടി അതില്‍ കാണാം.

അവിടുന്ന് ജനിക്കുന്നതിനുമുമ്പു അവിടുത്തെ ജനനത്തെപ്പറ്റി
യഹൂദമതഗ്രന്ഥങ്ങളില്‍ ഒന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.

(പഴയനിയമം) മീഖാ – അദ്ധ്യായം 5:
2 നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്‍റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. 

കുറച്ചുകൂടി വ്യക്തമാക്കിയാല്‍ അത് ഇങ്ങനെയാണ്.

(പുതിയനിയമം) മത്തായി – അദ്ധ്യായം 1:
21. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. സത്യാന്വേഷകര്‍ മതഗ്രന്ഥങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുള്ള സാരാംശവും ഇതുതന്നെയാണെന്ന് അനേകരുടെ സാക്ഷ്യങ്ങളിലൂടെ വെളിപ്പെട്ടിട്ടുമുണ്ട്. അതേ,പാപിയാണെന്ന് ബോധമുള്ളവന്‍റെ രക്ഷകനാണ്‌ യേശുക്രിസ്തു.

പാപം എന്നുള്ളത് എന്താണ്?

മനുഷ്യവര്‍ഗ്ഗത്തിലുള്ള എല്ലാവരും തന്നെ വെറുക്കുകയും എന്നാല്‍ അതില്‍ ഏര്‍പ്പെടുന്നവന്‍ രസിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയായി അതിനെ നാം കാണേണ്ടതാണ്.സത്യവേദപുസ്തകം അതിനെ ജഡവ്യവസ്ഥ എന്നാണു പറയുന്നത്. ഏദനില്‍ ആയിരുന്ന ആദാം കല്‍പ്പന അനുസരിക്കാതെയിരുന്നതുനിമിത്തം അവര്‍ ജഡമായി മാറ്റപ്പെട്ടു എന്ന് യഹോവ അരുളിച്ചെയ്തു.

ഉല്പത്തി 6:3. അപ്പോൾ യഹോവ: മനുഷ്യനിൽ എന്‍റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്‍റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു. 

സത്യവേദ വെളിപ്പാട് പ്രകാരം ദൈവത്തിന്‍റെ ആത്മാവിന്‍റെ  വ്യാപാരമില്ലാത്ത പാപിയാണ് മനുഷ്യന്‍ എന്ന ബുദ്ധിജീവി . മനുഷ്യന്‍ പാപം ചെയ്യുന്നതുകൊണ്ട്  പാപിയാകുന്നതല്ല. മറിച്ച് മനുഷ്യന്‍ പാപിയായതുകൊണ്ടാണ് പാപം ചെയ്യുവാന്‍ ഇടയാകുന്നത്. മനുഷ്യന്‍ പാപിയായതിനു ഒരു കാരണം ഉണ്ടെന്നും അതിനു ഒരു ലക്‌ഷ്യം ഉണ്ടെന്നും വചനം വെളിപ്പെടുത്തുന്നു. ആ ലക്‌ഷ്യം ദൈവമായ യഹോവയുടെ അതിശയകരമായ ആലോചനയാണെന്നും ആ പ്രവര്‍ത്തി ഉല്‍കൃഷ്ടതയോടെ ഉള്ള ഒന്നാണെന്നും ഉറപ്പിക്കുന്നു.

 സങ്കീര്‍ത്തനങ്ങള്‍ 33: 11 “യഹോവയുടെ ആലോചന ശാശ്വതമായും അവന്‍റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു” എന്ന് സങ്കീര്‍ത്തന ക്കാരനും “അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവൻ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടതയും ഉള്ളവനാകുന്നു” എന്ന് യെശയ്യാവും വെളിപ്പെടുത്തുന്നു.

ഇസ്ലാംമതം ഒഴികെയുള്ള സെമിറ്റിക് സെമിറ്റിക്കേതര മതങ്ങള്‍ മനുഷ്യനിലുള്ള പാപത്തെക്കുറിച്ചു ഏക അഭിപ്രായക്കാരാണ്. അതിന്‍റെ പരിഹാരാര്‍ത്ഥം വിവിധങ്ങളായ മാര്‍ഗ്ഗങ്ങളും അവലംബിക്കുകയും ചെയ്തുവരുന്നുണ്ട്. അതില്‍ പ്രധാനമായും പാപപരിഹാരകനായ പുരോഹിതനോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ സസ്യഫലങ്ങളോ, മൃഗങ്ങളെയോ അര്‍പ്പിച്ചുകൊണ്ട് പാപപരിഹാരം നിര്‍വ്വഹിക്കുന്നു. ആ സന്ദര്‍ഭങ്ങളില്‍ എല്ലാം പാപം ചെയ്ത വ്യക്തിക്ക് ആ പാപപരിഹാരത്തില്‍ പങ്കാളിയാകാന്‍ കഴിയുന്നില്ല. പഴയ കാലങ്ങളില്‍ ഇപ്രകാരം പാപപരിഹാരം നടന്നിരുന്നു എങ്കിലും നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും നിലവില്‍ ഉണ്ടായിരുന്നു. എന്നാല്‍ കാലങ്ങള്‍ കഴിയവേ രാജ്യങ്ങളുടെ നീതിന്യായവ്യവസ്ഥ നിലവില്‍ വരുകയും ചെയ്യുകയുണ്ടായി. ഇതിലൂടെ കഠിനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ആ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിധിക്കുന്നത്. എത്രത്തോളം നിയമങ്ങള്‍ ഉണ്ടായിരുന്നിട്ടും ശിക്ഷകള്‍ കഠിനപ്പെട്ടിട്ടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവു വരുന്നില്ല എന്നുള്ളത് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.

ഇപ്രകാരം പാപങ്ങള്‍ ചെയ്യുന്ന മനുഷ്യനെക്കുറിച്ച് പുതിയനിയമം ഇങ്ങനെ വെളിപ്പെടുത്തുന്നു.

യോഹന്നാൻ – അദ്ധ്യായം 8: 34 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്‍റെ ദാസൻ ആകുന്നു. 

അതായത് പാപം എന്നുള്ളത് ഒരേസമയം ഒരു പ്രവര്‍ത്തിയും ഒരു യജമാനനും ആകുന്നു. അതുകൊണ്ട് മനുഷ്യന്‍ എന്നവനെ പാപം (പിശാചു)വസിക്കുന്ന ഒരു ശരീരം(പാപശരീരം) ഉള്ളവനായി കാണേണ്ടതാണ്. ഈ ശരീരത്തെക്കുറിച്ച് മറ്റു മതഗ്രന്ഥങ്ങളില്‍  കാണാത്ത ഒരു വലിയ മര്‍മ്മം പുതിയനിയമം കാണിച്ചുതരുന്നുണ്ട്.


റോമര്‍ 7: 20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. 

റോമര്‍ 6:6  നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. 

ഇങ്ങനെ ഒരു പുത്തന്‍ രീതി വെളിപ്പെടുത്തിക്കൊണ്ടുതന്നെ  പുതിയനിയമം  ക്രൂശീകരണത്തിലൂടെയുള്ള  ഒരു മരണവും പാപപരിഹാരവുമാണ് ലക്ഷ്യമിടുന്നത്.  പഴയനിയമവ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമായി പാപം ചെയ്യുന്ന വ്യക്തിയെയും  പുതിയനിയമം പാപപരിഹാരത്തില്‍ ഉള്‍പ്പെടുത്തുന്നു.

മാതൃക

മനുഷ്യര്‍ തങ്ങളുടെ ഭൌമജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും മാതൃകകള്‍ സ്വീകരിച്ചുവരുന്നു എന്നുള്ളത് തര്‍ക്കത്തിന് ഇടയില്ലാത്ത ഒരു സംഗതിയാണ്. അവിടെയും ഒരു ഉപമിക്കല്‍ സാധ്യമാണ്.ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനെക്കുറിച്ചുള്ള മാതൃകയെ ഇങ്ങനെ നമുക്ക് വായിക്കാന്‍ കഴിയുന്നുണ്ട്.

ഉല്‍പ്പത്തി:1.26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; 

ആകൃതിയില്‍ ദൈവത്തെപ്പോലെയാണ് മനുഷ്യന്‍ എന്ന് ഇതില്‍നിന്നു നാം അനുമാനിക്കേണ്ടതാണ്. അവന്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ അവന്‍റെ സ്വഭാവവും ദൈവം ഇഷ്ടപ്പെടുന്നത് തന്നെ ആയിരുന്നു. എന്നാല്‍ മനുഷ്യനെ സംബന്ധിച്ചുള്ള ദൈവപദ്ധതി അവിടെ അവസാനിച്ചില്ല. ദൈവത്തിന്‍റെ ആത്മാവ് വാദിക്കുന്ന സവിശേഷതകള്‍ ഉണ്ടായിരുന്ന ആദാമിനെ തന്‍റെ ആത്മാവ് വാദിക്കാത്ത മനുഷ്യനായി പാപത്തിന്‍ കീഴിലേക്ക് അടച്ചുകളഞ്ഞു. അത് പ്രത്യേകമായ ഒരു ഉദ്ദേശ്യം വച്ചുകൊണ്ടായിരുന്നു എന്ന് പുതിയനിയമവചനം വെളിപ്പെടുത്തുന്നുണ്ട്.ആ ലക്ഷ്യത്തെ നമുക്ക് ഇങ്ങനെ വായിക്കാം.

ഗലാത്യർ – അദ്ധ്യായം 3 വാക്യം 22. എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.

ഇങ്ങനെ മനുഷ്യവര്‍ഗ്ഗം അടയ്ക്കപ്പെട്ട പാപത്തിന്‍കീഴില്‍നിന്നു വീണ്ടെടുക്കപ്പെടുന്നതിനും ഒരു മാതൃക നമുക്ക് കാണാം. ആ മാതൃകയെക്കുറിച്ചു പുതിയനിയമവചനം ഇങ്ങനെയാണ് വെളിപ്പെടുത്തുന്നതു.

1പത്രൊസ്2: 21. അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്‍റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. 

അതേ, മനുഷ്യന്‍ പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്‍റെ ശരീരത്തില്‍ മനുഷ്യരുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്‍റെ അടിപ്പിണരാൽ മനുഷ്യര്‍ക്കു സൌഖ്യം വന്നിരിക്കുന്നു.  പാപരോഗസൌഖ്യത്തിന്‍റെ മാതൃകയാണ് കുരിശില്‍ നല്‍കപ്പെട്ടത്‌.

Leave a Reply

Your email address will not be published. Required fields are marked *